Thursday, January 1, 2009

പത്ത് കവിതകൾ

പുസ്തകം

പുസ്തകം തുറന്നപ്പോൾ

വാക്കുകൾ ഒളിച്ചു കളിച്ചു

അക്ഷരം മങ്ങി മറഞ്ഞു.

പൂച്ച

പൂച്ചയുടെ കാര്യം പൂച്ചക്കറിയാം

എലിയുടെ പുറകെ പാഞ്ഞു

പാഴായിപ്പോയ ഒരു ജന്മം

എലി.

എലിയെ പിടിക്കാൻ പൂച്ചയ്ക്കാകില്ല

ദാർശനികനായ പൂച്ച ആരെ പിടിക്കാൻ.

പ്രേമം

പ്രേമിക്കുന്നത് നല്ലതാണ്

മനസ്സിനും ശരീരത്തിനും

പ്രേമിക്കാതിരിക്കുന്നതാണ് അതിലും നല്ലത്

ആത്മാവിന്.

പൂക്കൾ

പൂക്കളുടെ കാര്യം

പറയാതിരിക്കുകയാണ് ഭേദം

വാടാതിരിക്കുമ്പോൾ കൊള്ളാം

പേന

പേനക്കറിയില്ല

എന്തബദ്ധമാണ്

തന്നെ ക്കൊണ്ട് ചെയ്യിക്കാൻ പോകുന്നതെന്ന്

വീട്

ലോണടച്ചു തീർത്ത്

തന്നെ സ്വന്തമാക്കാൻ വരുന്നവനായി

വീട് കാത്തിരുന്നു

തെറ്റും ശരിയും

ശരി ചെയ്യുകയാണ് ഉത്തമം

തെറ്റു ചെയ്യുകയാണ് സുഖം

തിരുത്താൻ സമയവുമുണ്ട്

മൊബൈൽ ഫോൺ

മൊബൈൽ ഫോണിനറിയില്ല

അതിന്റെ കരങ്ങൾ എങ്ങോട്ടൊക്കെയാണ്

നിളുകയെന്ന്

തെളിവ്

ഞാൻ ഇവിടെ ഉണ്ടായിരുന്നു

എന്നതിനു തെളിവില്ല

അതുകൊണ്ട് ഞാനില്ലാതാകുമൊ?














Tuesday, November 27, 2007

പ്രണയപ്പൂക്കള്‍

പാതി വിടര്‍ന്ന പൂക്കളിലേക്ക്‌ നോക്കവേ
അവളില്‍ പ്രണയം തുളുമ്പി
പാതി പറഞ്ഞ വാക്കുമായി
പടിയിറങ്ങിയതായിരുന്നു അവളുടെ കാമുകന്‍

‍പാതി മയക്കത്തില്‍
‍പാതി മുറിഞ്ഞ സ്വപ്നത്തില്‍
‍പാതി വിരിഞ്ഞ ചിരിയുമായി
അവനെത്താറുണ്ടായിരുന്നു.

പാതി വായിച്ചു കമഴ്ത്തിവച്ച പുസ്തകം
അവളെ പ്രണയാതുരയാക്കി
ഇടവപ്പാതിയില്‍ ഒരുകുടക്കീഴില്‍
പാതി നനഞ്ഞ്‌ അവര്‍ ‍ വീടണയാറുണ്ടായിരുന്നു
പാതി പണിതീര്‍ന്ന വീട്ടില്‍
പകല്‍ക്കിനാവു കാണാറുണ്ടായിരുന്നു

ഇന്നവളുടെ ജന്മദിനമാണ്‌.
പാതി വിടര്‍ന്ന പൂക്കളുടെ ഈ സമ്മാനം ആരുടേതാണ്‌
ആരെങ്കിലും പാതി വഴിയിലുപേക്ഷിച്ചതാവുമോ?
അവള്‍ പാതി വിസ്‌മൃതിയിലാണ്‌.